-->

Tuesday, 7 May 2024

വിശ്വാസിത്തിരയേറ്റത്തിൽ പുതുപ്പള്ളി പള്ളി



ഭക്തജനപ്രവാഹത്തിലമർന്ന് പുതുപ്പള്ളി പള്ളി. നേർച്ചകാഴ്ചകളോടെ പുണ്യാളന്റെ സന്നിധിയിലേക്ക് അനുഗ്രഹം തേടിയെത്തി നാനാജാതിമതസ്ഥർ. പ്രധാന പെരുന്നാൾ ദിനങ്ങളിലേക്ക് കടന്നതോടെ പള്ളിയും പുതുപ്പള്ളി ദേശവും ആഘോഷനിറവിൽ.

തീർഥാടനം 

സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പെരുന്നാളിന്റെ ഭാഗമായി വിവിധ കരകളിൽനിന്ന് പുതുപ്പള്ളി പള്ളിയിലേക്കുള്ള പുതുപ്പള്ളി തീർഥാടനം നടന്നു. കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, കൈതമറ്റം ചാപ്പൽ, പാറയ്ക്കൽ കടവ്, കാഞ്ഞിരത്തിൻമൂട്, വെട്ടത്തുകവല, കൊച്ചക്കാല കുരിശടികളിൽനിന്ന് വൈകിട്ട് 6ന് തീർഥാടനം ആരംഭിച്ചു. രാത്രി 8ന് പുതുപ്പള്ളി പള്ളിയിൽ തീർഥാടകരെ സ്വീകരിച്ചു. തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർഥന നടന്നു.

ആചാരത്തനിമയിൽ 

പ്രസിദ്ധമായ വെച്ചൂട്ടിനുള്ള അച്ചാർ തയാറാക്കുന്നതിലേക്കുള്ള മാങ്ങ അരിയൽ  നടന്നു. രാവിലെ കുർബാനയ്ക്കു ശേഷം നടന്ന മാങ്ങ അരിയൽ ചടങ്ങിൽ ഇടവകാംഗങ്ങളായ സ്ത്രീകൾ പങ്കാളികളായി. 3,000 കിലോ മാങ്ങയാണ് അരിഞ്ഞത്. വെച്ചൂട്ടിനുള്ള ചമ്മന്തിപ്പൊടി കഴിഞ്ഞ ദിവസം തയാറാക്കിയിരുന്നു.

നവമധ്യസ്ഥ ചക്രിക സ്മാരകം

പള്ളിയുടെ പ്രധാന കവാടത്തിന്റെ വലതുവശത്ത് നവമധ്യസ്ഥരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ചക്രിക സ്മാരകം കൂദാശ ചെയ്തു. നവമധ്യസ്ഥരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പ്രതലം മുഴുവൻ സമയവും കറങ്ങുന്ന വിധത്തിലാണ് ക്രമീകരണം. ഇടവകാംഗമായ മാത്യു കൊക്കൂറയാണ് രൂപകൽ‌പന നിർ‌വഹിച്ചത്. ഡിസൈൻ എൻജിനീയർ റോജൻ കൊളശേരിൽ (കെൽപ്), കേളച്ചന്ദ്ര മെഷീൻസ് ആൻഡ് ഗിയേഴ്സ്, ചിങ്ങവനം (എൻജിനീയറിങ് വർക്ക്സ്), അഡോൺ ഗ്ലാസ്, പാമ്പാടി (ഫോട്ടോ വർക്ക്) എന്നിവയുടെ സഹകരണത്തോടെയാണ് ജോലി പൂർത്തീകരിച്ചത്.

നവമധ്യസ്ഥ ചക്രിക സ്മാരക‌ത്തിന്റെ കൂദാശ സഖറിയ മാർ സേവേറിയോസ് നിർവഹിച്ചു. വികാരി ഫാ.ഡോ.വർഗീസ് വർഗീസ്, സഹവികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ, ഫാ.ബ്ലസൻ മാത്യു ജോസഫ്, ഫാ.വർഗീസ് പി.വർഗീസ്, കൈക്കാരന്മാരായ ഫിലിപ്പോസ് വി.ഏബ്രഹാം, എൻ.കെ.മാത്യു, സെക്രട്ടറി സിബി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

© 2024 Puthuppally Pally Varthakal™ 

 #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

No comments:

Post a Comment