രുചിയുടെ പെരുമ തീർത്ത പുതുപ്പള്ളി പെരുന്നാളിന്റെ വെച്ചൂട്ടിൽ പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. വെച്ചൂട്ട് നേർച്ചയിലും പ്രധാന നേർച്ചയായ അപ്പവും കോഴിയിറച്ചി നേർച്ചവിളമ്പിലും പങ്കെടുത്താണ് വിശ്വാസി സമൂഹം മടങ്ങിയത്. 23നാണ് കൊടിയിറക്ക്. അന്നുവരെ ദിവസവും രാവിലെ കുർബാന ഉണ്ടായിരിക്കും.
ആചാര നിറവിലായിരുന്നു ഇന്നലെ വെച്ചൂട്ട് ചടങ്ങുകൾ. കുർബാനയ്ക്കു ജോഷ്വ മാർ നിക്കോദിമോസ്, ഒൻപതിന്മേൽ കുർബാനയ്ക്കു ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. വെച്ചൂട്ട് നേർച്ച വിളമ്പുന്നതിനു ചിട്ടയായ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. വിശ്വാസികൾ അനുഗ്രഹ മുഹൂർത്തം പോലെ ചോറും മാങ്ങ അച്ചാറും ചമ്മന്തിപ്പൊടിയും മോരും ചേർന്ന വെച്ചൂട്ട് നേർച്ച സദ്യയിൽ പങ്കെടുത്തു.
കുട്ടികൾക്ക് ആദ്യ ചോറൂട്ടും വൈദികരുടെ നേതൃത്വത്തിൽ നടത്തി. അങ്ങാടി ഇരവിനല്ലൂർ കവല ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണവും നടത്തി. വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, സഹ വികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ.ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ.വർഗീസ് പി.വർഗീസ് ആനിവയലിൽ, ട്രസ്റ്റിമാരായ ജേക്കബ് ജോർജ്, സജി ചാക്കോ, സെക്രട്ടറി റോണി.സി.വർഗീസ് എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment