-->

Saturday, 6 May 2023

പുതുപ്പള്ളി പള്ളി ജറുസലം ദേവാലയത്തിന് തുല്യം: കാതോലിക്കാ ബാവാ




 നാനാജാതി മതസ്ഥർ എത്തുന്ന പുതുപ്പള്ളി പള്ളി ജറുസലം ദേവാലയത്തിനു തുല്യമാണെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പള്ളിയുടെ പ്രവർത്തനം സമൂഹത്തിനു മാതൃകയാണെന്നും ബാവാ പറഞ്ഞു. ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. 

ഓർഡർ ഓഫ് സെന്റ്‍ ജോർജ് ബഹുമതി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു സമർപ്പിച്ചു. ചാണ്ടി ഉമ്മൻ പുരസ്കാരം ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, സിഎസ്ഐ മധ്യകേരള ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ, മാർത്തോമ്മാ സഭാ കോട്ടയം അടൂർ ഭദ്രാസനം ബിഷപ് ഏബ്രഹാം മാർ പൗലോസ്, മലങ്കര കത്തോലിക്കാ ചർച്ച് തിരുവല്ല ഭദ്രാസനം ബിഷപ് തോമസ് മാർ കൂറിലോസ്, മലങ്കര സഭാ വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ്, മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, പഞ്ചായത്ത് അംഗം വൽസമ്മ മാണി, ട്രസ്റ്റി ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു.

സഹവികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ.ബ്ലസൻ മാത്യു ജോസഫ്, വാഴക്കാലായിൽ, ഫാ.വർഗീസ്.പി.വർഗീസ് ആനിവയലിൽ, ട്രസ്റ്റി സജി ചാക്കോ, സെക്രട്ടറി റോണി സി.വർഗീസ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ഉമ്മൻ ചാണ്ടിയുടെ സന്ദേശം മകൻ ചാണ്ടി ഉമ്മൻ വായിച്ചു. ‘പുതുപ്പള്ളി പള്ളിയെ ഇടവക പള്ളി എന്നതിൽ ഉപരി ജീവിതത്തിന്റെ ഒരു ഭാഗമായി കണക്കാക്കുന്നു, ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ ബഹുമതിയായി ഈ പുരസ്കാരം കാണുന്നു.

ജീവിതയാത്രയിൽ പുതുപ്പള്ളി പള്ളിയും ഇവിടത്തെ ആത്മീയ ചൈതന്യവും വഹിച്ച പങ്ക് നിർവചനങ്ങൾക്ക് അതീതമാണ്. സത്യത്തിലും ധാർമികതയിലും ദൈവഭയത്തിലും അടിയുറച്ച ജീവിതപ്പാതയിൽ ബാല്യകാലം മുതൽ നടന്നടുക്കാൻ പുതുപ്പള്ളി പള്ളി വഹിച്ച പങ്കു ചെറുതല്ല, ഹൃദയത്തിൽ അലിഞ്ഞു ചേർന്ന വികാരമാണു പുതുപ്പള്ളി പള്ളി എന്നും ഉമ്മൻ ചാണ്ടി സന്ദേശത്തിൽ അറിയിച്ചു.

No comments:

Post a Comment