-->

Monday, 7 May 2018

ആത്മീയ വിരുന്നൊരുക്കുന്ന പുതുപ്പള്ളി വെച്ചൂട്ട് ഇന്ന് (7/5/2018)


ഭക്തജന ലക്ഷങ്ങൾ വിശ്വാസപൂർവം പങ്കെടുക്കുന്ന പുതുപ്പള്ളി പളളിയിലെ വെച്ചൂട്ട് ഇന്ന്. ദേശത്തിന് ആത്മീയ വിരുന്നൊരുക്കുന്ന പെരുന്നാളിന്റെ പ്രധാന ചടങ്ങായ വെച്ചൂട്ടിൽ പങ്കെടുക്കാൻ നാട് ഒഴുകിയെത്തും. വിപുലമായ ക്രമീകരണങ്ങളാണ് വിവിധ കൗണ്ടറുകൾ സ്ഥാപിച്ചു വെച്ചൂട്ട് വിളമ്പുന്നതിന് ഏർപ്പെടുത്തിയത്. ഇന്ന് ഒൻപതിന് ഒൻപതിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 11.30നു വെച്ചൂട്ട് ആരംഭിക്കും. നൂറുകണക്കിനു കുട്ടികൾക്ക് ആദ്യ ചോറൂട്ട് നൽകുന്ന ചടങ്ങും വൈദികരുടെ നേതൃത്വത്തിൽ നടത്തും.

ഇന്നു പുലർച്ചെ പ്രാർ‌ഥനാനിർഭരമായ ചടങ്ങുകളോടെയാണ് വെച്ചൂട്ടിനുള്ള അരിയിടീൽ നടത്തിയത്. വിഭവങ്ങളായ മാങ്ങഅച്ചാറും, ചമ്മന്തിപ്പൊടിയും നേരത്തേ തയാറാക്കി. വെച്ചൂട്ടിന്റെ ചോറ് ദിവ്യ ഔഷധമായാണ് വിശ്വാസികൾ കരുതുന്നത്. ഭവനങ്ങളിൽ കൊണ്ടുപോയി ചോറ് ഉണക്കി സൂക്ഷിച്ചു മരുന്നായി ഉപയോഗിക്കാറുണ്ട്. പെരുന്നാൾ‌ സമാപനത്തോടനുബന്ധിച്ച് അങ്ങാടി –ഇരവിനെല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം രണ്ടിനും, അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ് നാലിനും ആരംഭിക്കും.

വെച്ചൂട്ടിനുള്ള വിറകിടീൽ ഘോഷയാത്ര ഇന്നലെ ദേശത്തിനു ഭക്തിയുടെയും ആചാരത്തിന്റെയും തനിമ ചോരാത്തതായി മാറി. പുതുപ്പള്ളി–എറികാട് കരകളിൽ നിന്നു ഇടവകജനങ്ങൾ ഒരേ മനസ്സോടെ, ഒരേ പ്രാ‍ർഥനയോടെ വിറകുമായി ഘോഷയാത്രയായി പള്ളിയിലെത്തി. വാദ്യമേളങ്ങൾ ഉയർത്തിയും വള്ളപ്പാട്ടുകൾ പാടിയുമാണു വിറകുമായി ഭക്തജനങ്ങൾ എത്തിയത്.

പന്തിരുനാഴി പുറത്തെടുക്കലും ഇടവക ആഘോഷമാക്കി മാറ്റി. പളളിമുറികളിൽ സൂക്ഷിച്ചിരിക്കുന്ന 12 പറ അരി വയ്ക്കാവുന്ന പന്തിരുനാഴി എന്നറിയപ്പെടുന്ന വാർപ്പുകളും, ചെമ്പുകളും പുറത്തിറക്കിയാണു ചടങ്ങുകൾ നടന്നത്. പ്രദക്ഷിണം വച്ചശേഷമായിരുന്നു പാചകത്തിന് ഒരുക്കങ്ങൾ. പള്ളിയിലെ കെടാവിളക്കിൽ നിന്നു പകർന്ന ദീപം കോൽവിളക്കിലേക്കു പകർന്നു കൊണ്ടുവന്നായിരുന്നു അടുപ്പുകത്തിക്കൽ. പ്രദക്ഷിണം ദേശത്തിനു ആഘോഷ സന്ധ്യയുടെ നിറച്ചാർത്തു പകർന്നു. നിലയ്ക്കൽപള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശുംതൊട്ടി വഴിയായിരുന്നു പള്ളിയിലേക്കു പ്രദക്ഷിണം. പെരുന്നാൾ ആചരണത്തിൽ പങ്കെടുക്കാൻ ഭക്തജനത്തിരക്കേറി. ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് ദർശിച്ചു അനുഗ്രഹം നേടാൻ തീർഥാടകർ എത്തുന്നുണ്ട്. ‌


പുതുപ്പള്ളി പെരുന്നാൾ ഇന്ന് 

  • കുർബാന– ഫാ. പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ– 5.30
  • പ്രഭാതനമസ്ക്കാരം – 8.00
  • ഒൻപതിന്മേൽ കുർബാന– പരിശുദ്ധ കാതോലിക്കാ ബാവാ – 9.00
  • ശ്ലൈഹിക വാഴ്‌വ് – 11.00 
  • വെച്ചൂട്ട് – നേർച്ചസദ്യ– കുട്ടികൾക്കു ആദ്യ ചോറൂട്ട് – 11.30
  • പ്രദക്ഷിണം– 2.00 
  • നേർച്ചവിളമ്പ് – 4.00



No comments:

Post a Comment