ജനസാഗരത്തിന്റെ ഹൃദയത്തിൽ ഭക്തിയുടെ വിരുന്നൊരുക്കിയ വെച്ചൂട്ട് പുതുപ്പള്ളി പള്ളിയിലെ പെരുന്നാൾ ആഘോഷത്തിനെ പൂർണതയിലെത്തിച്ചു. പതിനായിരക്കണക്കിനു വിശ്വാസികൾ പാള പാത്രത്തിൽ ചോറും മോരും ചമ്മന്തിപ്പൊടിയും മാങ്ങാഅച്ചാറും വാങ്ങി ഒരേ മനസ്സോടെ കഴിച്ചു. ഇതൊടൊപ്പം കുരുന്നുകൾ ആദ്യ ചോറൂട്ടിന്റെ മാധുര്യവും നുണഞ്ഞു. വൈദികരുടെ നേതൃത്വത്തിലായിരുന്നു കുഞ്ഞുങ്ങൾക്ക് ആദ്യ ചോറൂട്ട് നടന്നത്.നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നിലയ്ക്കാത്ത ഭക്തജനപ്രവാഹമായിരുന്നു ഇന്നലെ രാവിലെ മുതൽ പുതുപ്പള്ളി പള്ളിയിലേക്ക്. സംസ്ഥാനത്തിനു പുറത്തു നിന്നും തീർഥാടകർ എത്തി. വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
രാവിലെ 11ന് ആരംഭിച്ച വെച്ചൂട്ടു മണിക്കൂറുകൾ നീണ്ടു. 1001 പറ അരിയുടെ ചോറാണ് വെച്ചൂട്ടിനായി തയാറാക്കിയത്. വെച്ചൂട്ടിന്റെ ചോറ് വീടുകളിൽ കൊണ്ടു പോയി ഔഷധത്തിനായി ഉണക്കി സൂക്ഷിക്കുന്ന അനേക ഭക്തരുമുണ്ട്. പെരുന്നാളിന്റെ സമാപന ദിനമായിരുന്ന ഇന്നലെ നടന്ന ഒമ്പതിന്മേൽ കുർബാനയ്ക്കു ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യകാർമികത്വം വഹിച്ചു.
ഇരവിനെല്ലൂർ കവല ചുറ്റി പ്രദക്ഷിണത്തിനു ശേഷം അപ്പവും കോഴിയും നേർച്ചവിളമ്പിലും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, സഹവികാരിമാരായ ഫാ. മർക്കോസ് ജോൺ പാറയിൽ, ഫാ. മർക്കോസ് മർക്കോസ് ഇടക്കര, ട്രസ്റ്റിമാരായ പി.എം.ചാക്കോ പാലാക്കുന്നേൽ, കുര്യൻ തമ്പി പോട്ടക്കാവയലിൽ, സെക്രട്ടറി ജേക്കബ് ജോർജ് പടിഞ്ഞാറെക്കുറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകിയത്.
പ്രധാന പെരുന്നാൾ ദിനങ്ങൾ കഴിഞ്ഞെങ്കിലും പുതുപ്പള്ളി പെരുന്നാളിന്റെ ആഘോഷം കുറച്ചു ദിവസങ്ങൾ കൂടി നിലനിൽക്കും. 12നു രാവിലെ 7.30നു കുർബാനയ്ക്കു ഫാ. ജോർജ് ജോസഫ് കൊച്ചുചക്കാലയിലും 10.30നു ധ്യാനത്തിനു ഫാ. സഖറിയ തോമസ് പുതുപ്പള്ളിയും 13നു 7.30നു കുർബാനയ്ക്കു ഫാ. സി.ജോൺ ചിറത്തലാട്ടും കാർമികത്വം വഹിക്കും.
14ന് ആറിനു കുർബാന–ഫാ. എം.കെ.ഫിലിപ്പ് മാടാംകുന്നേൽ, 8.45നു മൂന്നിന്മേൽ കുർബാന–യൂഹാനോൻ മാർ മിലത്തിയോസ്, 11നു കൊടിയിറക്ക്. 3.30നു സാന്ത്വനം–ഫാ. സന്തോഷ് കെ. ജോഷ്വാ, 15നു കതിരുകൾക്കുവേണ്ടിയുള്ള ദൈവമാതാവിന്റെ പെരുന്നാളും 21നു യൂഹാനോൻ മാർ സേവേറിയോസ് ഓർമദിനാചാരണവും പള്ളിയിൽ നടത്തും.
No comments:
Post a Comment